Sreekrishnaswami Temple Malayinkeezhu


കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ സ്ത്രീകളോട് വ്യത്യസ്തമായ സമീപനമാണ് അനുവര്‍ത്തിച്ചു വരുന്നത്. ചില സ്ഥലങ്ങളില്‍ സ്ത്രീകള്‍ ആരാധിക്കപ്പെടുമ്പോള്‍, ചിലയിടങ്ങളിള്‍ അവര്‍ക്ക് നാലമ്പലത്തിനുളളില്‍ പ്രവേശനമില്ല, ചില ക്ഷേത്രങ്ങളിലാവട്ടെ പ്രവേശനം പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു.

മലയിന്‍കീഴ് ശ്രീകൃഷ്ണക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല, അവിടുത്തെ ഭിത്തിയില്‍സ്ത്രീകള്‍ക്ക് പ്രവേശനമില്ലഎന്ന ഒരു ബോര്‍ഡ് വെച്ചിരിക്കുന്നു. നാലമ്പലത്തിനകത്തുനിന്ന് എന്ത് പ്രാര്‍ത്ഥിച്ചാലും ഭഗവാന്‍ കൃഷ്ണന്‍ അത് നിറവേറ്റിക്കൊടുക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. പക്ഷേ, നാലമ്പലത്തിനകത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നതാണ് വിചിത്രമായ കാര്യം.  അനേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ബ്രഹ്മസ്ഥാനപ്രതിഷ്ടകള്‍ നടത്തുകയും ചെയ്ത മാതാ അമൃതാനന്ദമയി ദേവിയുടെ നാട്ടിലാണ് ഈ വൈരുദ്ധ്യം!
കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ സ്ത്രീകളെ എങ്ങനെ പരിഗണിക്കുന്നു എന്നത് പഠനാര്‍ഹമായ ഒരു വിഷയമാണ്.
മലയിന്‍കീഴ് ക്ഷേത്രത്തില്‍നിന്ന് 10-12 കിലോമീറ്റര്‍ മാത്രം അകലെയുളള സ്ത്രീകളുടെ ശബരിമലഎന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ദേവിക്ക് പൊങ്കാല നിവേദ്യം നല്‍കാനുളള അവകാശം സ്ത്രീകള്‍ക്ക് മാത്രമാണ്. അന്നേദിവസം ലക്ഷക്കണക്കിന് സ്ത്രീകള്‍ തിരുവനന്തപുരം നഗരം അക്ഷരാര്‍ത്ഥത്തില്‍ കയ്യടക്കി ദേവിക്ക് പൊങ്കാല അര്‍പ്പിക്കും പുരുഷന്മാര്‍ക്ക് ആ ഉത്സവത്തില്‍ പങ്കാളിത്തം ഇല്ലെന്നുതന്നെ പറയാം. ദേവിക്ക് നേരിട്ട് പൊങ്കാല സമര്‍പ്പിക്കാം എന്നതുകൊണ്ട് ഇപ്പോള്‍ കേരളത്തിലെങ്ങുമുളള അനേകം ദേവി ക്ഷേത്രങ്ങളില്‍ ഈ ഉത്സവം വ്യാപകമായിട്ടുണ്ട്.
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നാരീപൂജ പ്രസിദ്ധമാണ്. സ്ത്രീകളെ ദേവീസങ്കല്‍പത്തില്‍ പ്രത്യേക പീഠത്തിലിരുത്തി പാദം കഴുകിച്ച് ആദരിക്കുന്നു. മുന്‍മന്ത്രി ഗൌരിയമ്മ ഉള്‍പ്പെടെ പല പ്രമുഖ സ്ത്രീകളും ഇവിടെ ഈ ആദരവിന് പാത്രമായിട്ടുളളതാണ്.

മണ്ണാര്‍ശാല നാഗക്ഷേത്രത്തില്‍ പൂജാകാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അമ്മയാണ്. മണ്ണാര്‍ശാല ഇല്ലത്തെ ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് ആ സ്ഥാനം ഏല്‍ ക്കുന്നത്. പാമ്പുംമേക്കാട് നാഗക്ഷേത്രത്തില്‍ ദര്‍ശനത്തിനു വരുന്നവര്‍ അവിടുത്തെ അമ്മയുടെ അനുഗ്രഹംകൂടി വാങ്ങിയേ മടങ്ങാറുളളു.

സംസ്ഥാനത്തും പുറത്തുനിന്നും അനേകലക്ഷം ഭക്തജനങ്ങള്‍ ഒഴുകിയെത്തുന്ന ശ്രീ ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 10 വയസിനും 50 വയസിനും ഇടയിലുളള സ്ത്രീകള്‍ക്ക് പ്രവേശനമില്ല.  കന്നഡ സിനിമാനടി ജയമാല അയ്യപ്പവിഗ്രഹത്തില്‍ സ്പര്‍ശിച്ചു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളിലും കോടതികളിലും കോളിളക്കമുണ്ടാക്കിയിരുന്നു. ധ്യാനനിരതനായ നിത്യബ്രഹ്മചാരിയായ നിലയിലാണ് ശബരമിലയിലെ ധര്‍മ്മ ശാസ്താ സങ്കല്‍പ്പം.
കണ്ണുര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിലും സ്ത്രീകളുടെ പ്രവേശനത്തില്‍ നിബന്ധനകളുണ്ട്. അവിടെ നാലമ്പലത്തിനകത്ത് അത്താഴപ്പൂജക്ക് ശേഷമേ പ്രവേശനമുളളു. ശിവശക്തിസമേതനായിരിക്കുന്ന രാജരാജേശ്വരന്‍റെ സമ്പൂര്‍ണ്ണ അനുഗ്രഹത്തിന് ഏറ്റവും പറ്റിയ മുഹൂര്‍ത്തം അതായതുകൊണ്ടാണ് പ്രവേശനസമയം അങ്ങനെ നിശ്ചയിച്ചതെന്നാണ് ഒരു അഭിപ്രായം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയും ഇവിടെ ദര്‍ശനം നടത്തിയത് ഈ ക്ഷേത്രത്തിന്‍റെ മഹത്വം വിളിച്ചോതുന്നു. ദക്ഷിണേന്‍ഡ്യയിലെ ഈ പ്രമുഖ ക്ഷേത്രത്തില്‍ യെദിയൂരപ്പ ആനയെ നടയ്ക്കിരുത്തുകയുണ്ടായി.

 
പ്രമുഖ എഴുത്തുകാരിയും മലയിന്‍കീഴു വാസിയുമായ രാധികാ സി. നായര്‍ അമ്മയുടെ കൈപിടിച്ച് ശ്രീകൃഷ്ണദര്‍ശനം നടത്തിയ കുട്ടിക്കാലം ഓര്‍മ്മിക്കുന്നു. അത് ഏകദേശം 30 വര്‍ഷം മുമ്പാകണം. ഞാന്‍ നാലമ്പലത്തില്‍നിന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അന്നവിടെ സ്ത്രീകള്‍ ഉണ്ടായിരുന്നു. കൃഷ്ണനെക്കണ്ട് ഒരു സ്ത്രീ മോഹിച്ചവെന്നും കൃഷ്ണവിഗ്രഹത്തിന് ഇളക്കമുണ്ടായെന്നും ഒരു കഥ പറഞ്ഞുകേള്‍ക്കുന്നു.  ഒരു സ്ത്രീമൂലം ബ്രഹ്മചാരിയായ ഒരു പൂജാരിയുടെ മനസിളകി എന്ന് മറ്റൊരു കഥയും.  അതുകൊണ്ടാകാം നിബന്ധനകള്‍ വന്നത്. ദേവഹിതമറിയാന്‍ 17കൊല്ലംമുമ്പ് പ്രശ്നം വച്ചു. ജനങ്ങളുടെ ഹിതമന്വേഷിച്ചപ്പോള്‍ ആചാരം തുടരട്ടെ
എന്ന് ആരോ ഒരാള്‍ പറഞ്ഞു. അങ്ങനെ ആ ആചാരം ഇന്നും തുടരുന്നു,” രാധിക ടിഎസ്ഐയോട് പറഞ്ഞു.

ക്ഷേത്രവുമായി ബന്ധപ്പെട്ട തിരുവല്ല വല്ലഭക്ഷേത്രത്തിലും ഈ ആചാരമുണ്ടായിരുന്നു. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുകയുണ്ടായി. അതിനുശേഷവും ഇവിടെ സ്ത്രീകളെ നാലമ്പലത്തിനകത്ത് പ്രവേശിപ്പിക്കാതിരിക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. ഈ വിവേചനത്തിനെതിരെ മലയിന്‍കീഴിലുളള സ്ത്രീകള്‍ സംഘടിക്കേണ്ട കാലം അതിക്രമിച്ചു,” രാധിക പറഞ്ഞു.

മലയിന്‍കീഴ് ക്ഷേത്രത്തിലെ മുന്‍ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ മലയിന്‍കീഴ് വേണുഗോപാല്‍ പറയുന്നത് സ്ത്രീകളെ ക്ഷേത്രത്തിന്‍റെ നാലമ്പലത്തിനകത്ത് കടത്താതിരിക്കുന്നതില്‍ യാതൊരു യുക്തിയുമില്ലെന്നാണ്.ക്ഷേത്രപ്രവേശനവിളമ്പരത്തില്‍ പറയുന്നത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ കടക്കാന്‍ യാതൊരു നിയന്ത്രണവും പാടില്ലെന്നാണ്. അത് സ്ത്രീകള്‍ക്ക് മാത്രം ബാധകമാകാതിരിക്കുന്നതെങ്ങനെ? എന്നാണ് വേണുഗോപാലിന്‍റെ ചോദ്യം.

 “
പത്തുവയസില്‍ താഴെയുളള പെണ്‍കുട്ടികള്‍ക്കും പ്രായംചെന്ന സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം. പക്ഷെ ശീലംകൊണ്ട് പ്രായംചെന്ന സ്ത്രീകള്‍പോലും നാലമ്പലത്തില്‍  പ്രവേശിക്കാറില്ല. നാലമ്പലത്തിനകത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. വര്‍ഷങ്ങളായി അനുഷ്ടിച്ചുവരുന്ന ആചാരത്തിന്‍റെ പേരില്‍ ഒരു തര്‍ക്കമുണ്ടാക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. എന്‍റെ അഭിപ്രായം സ്ത്രീകളെ കയറ്റണം എന്നാണ്,” വേണുഗോപാല്‍ പറഞ്ഞു
സരസ്വതി ബാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് മെമ്പറായിരിക്കെ സ്ത്രീകള്‍ നാലമ്പലത്തില്‍ പ്രവേശിക്കുന്നതിന് അനുവാദം നല്‍കിയെങ്കിലും സ്ത്രീകള്‍ പ്രവേശിച്ചില്ല,” എന്നും അദ്ദേഹം ഓര്‍ക്കുന്നു.

ക്ഷേത്രത്തിലെ മുന്‍ പൂജാരിയും നാട്ടുകാരനുമായ കൃഷ്ണപ്രസാദിന്‍റെ അഭിപ്രായത്തില്‍ ഇവിടുത്തെ 90 ശതമാനം സ്ത്രീകളും ഈ ആചാരം ലംഘിക്കാന്‍ താല്‍പര്യമില്ലാത്തവരാണ്. ഇവിടുത്തെ ഭക്തകളായ 90 ശതമാനം സ്ത്രീകള്‍ക്കും ആചാരം തെറ്റിക്കാന്‍ താല്‍പര്യമില്ലാത്തവരാണ്. ഇത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി അഭേദ്യ ബന്ധമുളള ഒരു ഗ്രാമീണ ക്ഷേത്രമാണ്. ഇവിടുത്തെ ശ്രീകോവിലും നാലമ്പലവും ചെറുതാണ്. പണ്ട് മഹാരാജാവും അദ്ദേഹത്തിന്‍റെ ഉപദേശകരായ സ്വാമിയാര്‍മാരും ഭജന ഇരിക്കാനും ധ്യാനത്തിനുമായി ഇവിടെ സ്ഥിരം വരുമായിരുന്നു. അന്ന് ഏര്‍പ്പെടുത്തിയതാകാം ഈ നിബന്ധന. ഇവിടെ ദര്‍ശനത്തിന് വരുന്നവരില്‍ 80 ശതമാനംപേരും സ്ത്രീകളാണെന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുളള ഒരു കാര്യമാണ്,” കൃഷ്ണപ്രസാദ് പറയുന്നു.

സമീപകാലത്ത് ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രസംഗിച്ച പ്രശസ്ത കവിയും
പൂജാരിയുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി സ്ത്രീകള്‍ക്ക് നാലമ്പലത്തില്‍ പ്രവേശനം നല്‍കണമെന്ന് ശക്തിയായി  ആവശ്യപ്പെട്ടു. മാധവപുരസ്കാരം സ്വീകരിക്കാനെത്തിയ സുഗതകുമാരിയും അതേ അഭിപ്രായം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം രാജഗോപാല്‍ ഈ ദിശയില്‍ വേണ്ട നടപടികള്‍ എടുക്കാമെന്നും പറഞ്ഞു. പക്ഷെ, സമീപവാസികള്‍ ഈ ആചാരം ലംഘിക്കാന്‍ തയ്യാറല്ല.,” അദ്ദേഹം പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വച്ച് ക്ഷേത്രപ്രവേശനത്തിനുളള അഭിപ്രായം ഉയരുകയുണ്ടായി. പൊതുജനാഭിപ്രായം അനുകൂലമാണെങ്കില്‍ ഭക്തജനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ബോര്‍ഡിന് ഒരു അപേക്ഷ നല്‍കണം. ബോര്‍ഡ് തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. ഇതുവരെ അങ്ങനെ ഒരു യോഗം ചേര്‍ന്നിട്ടില്ല,” ബോര്‍ഡ് പ്രസിഡന്‍റ് എം.രാജഗോപാലന്‍ നായര്‍ ടിഎസ്ഐയോട് പറഞ്ഞു.

കേരളത്തിലെ ഒരു ക്ഷേത്രത്തിലും ആര്‍ത്തവദിവസങ്ങളില്‍ സ്ത്രീകള്‍ പോകാറില്ല. ഒരോ ക്ഷേത്രത്തിനും പ്രദേശത്തിനും വിഭാഗത്തിനും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളുണ്ട്. അത് കാലത്തിനനുസരിച്ച് മാറ്റുകതന്നെ വേണം. ആര്‍ത്തവകാലത്തെ അശുദ്ധിയുടെ പേരില്‍പോലും സ്ത്രീകളെ അകറ്റിനിര്‍ത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഭാഗവതാചാര്യന്‍ പലേരി നാരായണന്‍ നമ്പൂതിരി അഭിപ്രായപ്പെടുകയുണ്ടായി. കുളിച്ച് ശരീരശുദ്ധിവരുത്തി കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം പറയുന്നു. ഭാഗവതത്തില്‍ സ്ത്രീപുരുഷവ്യത്യാസമോ സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ചൂണ്ടിക്കാട്ടാവുന്ന തെളിവുകളോ ഇല്ല. ഈ കാലഘട്ടത്തില്‍ അതിന് യാതൊരു പ്രസക്തിയുമില്ല. ക്ഷേത്രം ഈശ്വരസാക്ഷാത്കാരത്തിനുളള ഒരു മാധ്യമമാണ്. ആ മാധ്യമം ഉപയോഗപ്പെടുത്താന്‍ ജാതിയോ, നിറമോ, ലിംഗഭേദമോ തടസമായിക്കൂടാ. കര്‍മ്മംകൊണ്ട് ബ്രാഹ്മണനായ ഒരാളെ ഒരു കാരണവശാലും അകറ്റിനിര്‍ത്താന്‍ വേദങ്ങളില്‍ ഒരു പ്രമാണവുമില്ല,” പ്രമുഖ പത്രപ്രവര്‍ത്തകനും യജുര്‍വേദ പൌരോഹിത്യപാരമ്പര്യവുമുളള കടശ്ര നീലമന എം. കേശവന്‍ നമ്പൂതിരി ടിഎസ്ഐയോട് പറഞ്ഞു.

അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങള്‍ എന്തായാലും, ബാല്യത്തലനുഭവിച്ച കൃഷ്ണസാമീപ്യത്തിന്‍റെ ഓര്‍മ്മകളുമായി നാലമ്പലത്തിന്‍റെ വഴിയിലെ തടസങ്ങള്‍ നീങ്ങുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് രാധികാ സി നായരേപ്പോലെ കുറച്ചുപേരെങ്കിലും.